പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ തലശേരി സെഷൻസ് കോടതിയുടെ വിധി ആശ്വാസകരമെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോൾ, എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും നിർണായകമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും അവയെല്ലാം കോടതിയിൽ ഹാജരാക്കുമെന്നുമാണ് സർക്കാരും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചത്. എന്നാൽ കുറ്റപത്രം സമർപ്പിച്ചപ്പോഴാണ്, നിർണായകമായ തെളിവുകളും സിഡിആറുകളും സിസിടിവി ദൃശ്യങ്ങളും അടക്കം പ്രധാന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല എന്ന് കുടുംബത്തിന് ബോധ്യമായതെന്ന് സഹോദരൻ പറഞ്ഞു.
അതുകൊണ്ടാണ് പുനരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഏജൻസി അന്വേഷിച്ചാൽ സത്യം തെളിയില്ല എന്ന് തോന്നിയതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും പ്രവീൺ ബാബു പറഞ്ഞു.
അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. സത്യസന്ധമായി അന്വേഷിച്ചാൽ എല്ലാ കാര്യങ്ങളും പോലീസിന്റെ കൺമുന്നിലുണ്ട്. നിലവിൽ എസ്ഐടി അന്വേഷണം മാത്രമാണ് സാധ്യമാകുക. അന്വേഷണം കാര്യക്ഷമമല്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും പ്രവീൺ ബാബു പറഞ്ഞു.